Brike

Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, 12 June 2014

ബ്രസൂക്കന്‍ സാംബ; ലോകം ഇനി പന്തിന് പിന്നാലെ


സാംബ നൃത്തച്ചുവടുകളുമായി ലോകം കാത്തിരിക്കുന്നു. പന്തുരുളാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി. ബ്രസൂക്ക എന്ന ഒറ്റ നാമം മാത്രമാണ് ഫുട്‌ബോള്‍ ആരാധകരില്‍ നിന്നും ഉയരുന്നത്. ബ്രസീല്‍ ലോക കപ്പിന് ലോകമെങ്ങും കാത്തിരിക്കുകയാണ്.
ഏത് ടീം കപ്പ് നേടുമെന്നത് പ്രവചനാതീതമാണ്. എങ്കിലും ആഥിതേയരായ ബ്രസീലിനും, അര്‍ജന്റീനയ്ക്കും മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിനുമാണ് ഇക്കുറി മുന്‍തൂക്കം കല്‍പിക്കുന്നത്.

മറക്കാനാകാത്ത കിക്കുകളും ഗോള്‍ വലയം ചലിപ്പിക്കുന്ന മാസ്മരിക ഗോളുകളും ലോകം കാത്തിരിക്കുകയാണ്. നെയ്മറും പടയും ഇറങ്ങുന്ന ബ്രസീലിനെ തടയിടാന്‍ മെസ്സിയെന്ന മാന്ത്രിക താരത്തെ മുന്നില്‍ നിര്‍ത്തിയാണ് അര്‍ജന്റീന എത്തുന്നത്. സന്നാഹ മത്സരങ്ങളില്‍ ഇരു ടീമുകളും മികച്ച ഫോമാണ് പുറത്തെടുത്തത്. ഇത് ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്. അര്‍ജന്റീന - ബ്രസീല്‍ സ്വപ്ന ഫൈനല്‍ മത്സരം പെലെയടക്കമുള്ള ഫുട്‌ബോള്‍ മഹാരഥന്‍മാര്‍ പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്.

ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ അടക്കിവാണ മുന്‍ കളിക്കാരെല്ലാം തന്നെ മത്സരങ്ങളെ വിലയിരുത്തി കൊണ്ടുള്ള ലേഖനങ്ങളും വിശകലനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. കളത്തിലിറങ്ങാന്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കഴിയുമോ എന്ന ആശങ്കയുയര്‍ന്നിരുന്നുവെങ്കിലും ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയായി അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. പരിക്കിന്റെ പിടിയിലായ ക്രിസ്റ്റിയാനോ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ തന്നെ കളിക്കളത്തില്‍ ഇറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍.

ഐറിഷ് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന സൗഹൃദ, സന്നാഹ മത്സരത്തിലും ക്രിസ്റ്റിയാനോ കളിക്കുമെന്നാണ് ടീം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പരിക്കിന്റെ നിഴലിലായിരുന്ന റയല്‍മാഡ്രിഡ് താരം എത്തിയതോടെ പോര്‍ച്ചുഗല്‍ ടീമും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. അര്‍ജന്റീനയ്ക്ക് ഗോളടിയന്ത്രം മെസ്സി തന്നെയാണ് കുന്തമുന. മെസ്സി ലോക കപ്പില്‍ തിളങ്ങാറില്ലെന്ന പതിവ് പരാതി ഇത്തവണ ഉണ്ടാകില്ലെന്ന് സന്നാഹ മത്സരങ്ങളിലൂടെ ഗോള്‍ നേടി അദ്ദേഹം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ക്ലബ്ബുകള്‍ക്ക് വേണ്ടി മാത്രമല്ല രാജ്യത്തിന് വേണ്ടിയും വിജയ ഗോളുകള്‍ നേടാന്‍ മെസ്സിക്ക് ഇത്തവണ കഴിയുമെന്ന് ആരാധകര്‍ കരുതുന്നു. നെയ്മറാണ് ബ്രസീലിന്റെ തുറുപ്പുചീട്ട്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന ഫുട്‌ബോളില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് അടക്കമുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ബ്രസീലിന് അനുകൂലമാണെന്ന് വിലയിരുത്തപ്പെടുന്നു.

റോബോര്‍ട്ടോ കാര്‍ലോസ് പോലുള്ള കരുത്തരുടെ പിന്‍ബലത്തില്‍ നിന്നും മാറി ഇത്തവണ യുവ നിരയെയാണ് ബ്രസീല്‍ അണിനിരത്തുന്നത്.

ധോണിയുടെ ഇഷ്ട ടീം അര്‍ജന്റീന

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രവചനത്തില്‍ അര്‍ജന്റീന ഇത്തവണ കപ്പടിക്കുമെന്നാണ് പറയുന്നത്. ഒരു പ്രമുഖ ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ധോണി മെസ്സി ഓട്ടോഗ്രാഫ് ചെയ്ത ജഴ്‌സിയുടെ ചിത്രം പോസ്റ്റ്  ചെയ്തിട്ടുണ്ട്.

മെസ്സിയുടെ മാസ്മരിക ഗോളുകളാണ് ധോണിയെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റിയത്. ധോണി ക്രിക്കറ്റില്‍ വെടിക്കെട്ടുകള്‍ പായ്ക്കുന്ന അതേ മികവോടെയാണ് മെസ്സി തന്റെ ബുള്ളറ്റ് ഷോട്ടിലൂടെ എതിരാളികളുടെ വല കുലുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണെങ്കിലും ഇംഗ്ലണ്ട് ടീം ഇത്തവണ കപ്പിന് അടുത്തെത്തില്ലെന്നും ധോണി വ്യക്തമാക്കുന്നു.